സവാദിനെ ഇല്ലാതാക്കിയത് കാമുകനോടൊപ്പം ജീവിക്കാനെന്ന് ഭാര്യയുടെ കുറ്റസമ്മതം

മലപ്പുറം: താനൂരിലെ മത്സ്യതൊഴിലാളി സവാദിന്റെ കൊലപാതകം കാമുകനൊപ്പം ജീവിക്കാന്‍ ആസൂത്രിതമായി നടത്തിയതെന്ന് ഭാര്യയുടെ മൊഴി. പോലീസ് കസ്റ്റഡിയിലെടുത്ത സവാദിന്റെ ഭാര്യ സൗജത്ത് കുറ്റം സമ്മതിച്ചു. കാമുകനൊപ്പം ഒരുമിച്ച് ജീവിക്കാനാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് ഭാര്യ സൗജത്ത് പോലീസിനോട് വെളിപ്പെടുത്തി. കൊല നടത്തിയത് ഭാര്യയുടെ സുഹൃത്ത് തെയ്യാല സ്വദേശി ബഷീര്‍ ആണെന്നും വ്യക്തമായി. പ്രതിക്ക് വാഹനം ഏര്‍പ്പാടാക്കിക്കൊടുത്ത സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.കൊലപാതകത്തിനായി പ്രതി വിദേശത്ത് നിന്നും രണ്ടു ദിവസത്തെ അവധിക്ക് നാട്ടിലെത്തുകയായിരുന്നു. തലയ്ക്ക് അടിയേറ്റ ഭര്‍ത്താവ് സവാദിന്റെ കഴുത്ത് മുറിച്ചത് താനാണെന്നും, മരണം ഉറപ്പാക്കാനാണ് ഇങ്ങനെ ചെയ്തതെന്നും സൗജത്ത് പോലീസിനോട് പറഞ്ഞു. കാമുകനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതിക്ക് വാഹനം ഏര്‍പ്പാടാക്കി കൊടുത്ത സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.താനൂര്‍ അഞ്ചുടി സ്വദേശി പൗറകത്ത് സവാദ് (40) ആണ് ബുധനാഴ്ച രാത്രിയാണ് വാടക വീട്ടില്‍ തലയ്ക്ക് അടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ച സൗജത്ത് തന്നെയാണ് അടുത്ത വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചത്. പോലീസ് എത്തിയപ്പോള്‍ വീടിന്റെ സിറ്റ്ഔട്ടില്‍ സവാദ് രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. തലയ്ക്കടിയേറ്റും കഴുത്തിലും നെഞ്ചിലും കത്തികൊണ്ട് മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം. കഴുത്തിന് താഴെ നീളത്തില്‍ വരഞ്ഞ മുറിവുകളുമുണ്ട്. നെറ്റിയിലെ മുറിവ് മരക്കഷണമോ ആയുധമോ ഉപയോഗിച്ച് അടിച്ചതിന്റേതാകാമെന്ന് പോലീസ് സൂചിപ്പിച്ചിരുന്നു.ബുധനാഴ്ച രാത്രി കറണ്ട് പോയതുകാരണം സവാദും മൂത്ത കുട്ടിയും വരാന്തയിലാണ് കിടന്നിരുന്നത്. ഗ്രില്‍ ഉറപ്പിച്ച വരാന്തയുടെ വാതില്‍ പൂട്ടിയിരുന്നു. പിന്‍വശത്തെ വാതില്‍ വഴിയാകാം കൊലയാളി അകത്തുവന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഭാര്യയിലേക്ക് നീണ്ടത്. മുഖത്തേക്ക് രക്തം തെറിച്ചപ്പോള്‍ ഞെട്ടിയുണര്‍ന്ന കുട്ടി കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ ഓടിപ്പോകുന്നത് കണ്ടിരുന്നു.